2011 ജൂൺ 11, ശനിയാഴ്‌ച

ജന്മങ്ങളോളം പ്രണയിച്ചു കൊണ്ടേയിരിക്കാം..


കയ്യിലൊരുനുള്ള് പ്രണയവുമായി
വൈകിയവേളയിലെന്തിനാണ് നീ വന്നത്?
തുറന്നിട്ട ജാലകവാതിലിലൂടെ
ഒഴുകിയെത്തുന്ന മഴക്കാറ്റിന്റെ
തിടുക്കത്തിലുള്ളൊരു ചുംബനം പോലെ
ഒരു കുളിരുമാത്രം ബാക്കിയാകുന്നു.
മനസ്സില്‍ മൌനം വേലികെട്ടിയ-
കലാലയനാളിലെ ഇടനാഴികളില്‍‌,
ആലസ്യത്തിന്റെ ഇടവേളകളില്‍,
രാക്കിനാവുകളെ ഇഴപിരിയ്ക്കുന്ന-
തണുപ്പുപുതച്ച പ്രഭാതങ്ങളില്‍‌,
നീയെന്തേ ഒരിക്കല്‍‌പോലും വന്നില്ല?
മനസ്സിന്റെ മണിച്ചെപ്പില്‍‌ കാത്തുവെച്ച
പ്രണയത്തിന്റെ സുഗന്ധം നുകരാന്‍
വരാനിരിക്കുന്ന നാളുകള്‍‌ മതിയാകില്ലെങ്കില്‍
സമയത്തിനും സകലതിനുമതീതരായി
നമുക്കൊരുമിച്ച് തിരികെ നടക്കാം.
പ്രതീക്ഷകളുണരുന്ന യൌവനവും,
സ്വപ്നാനുഭൂതികളുടെ കൌമാരവുമറിഞ്ഞ്,
പുതുമഴ നനയുന്ന കുട്ടിക്കാലത്തിലേക്ക്.
പോയ കാലവും പൊഴിഞ്ഞ വസന്തവും
വീണ്ടും നമുക്കായ് മാത്രം പൂവിടും.
ഓര്‍മ്മകളില്‍‌ പാഴായ നിമിഷങ്ങളില്‍
പ്രണയത്തിന്റെ പുതുജീവന്‍ നിറയ്ക്കാം.
പറഞ്ഞുതീരാത്ത ഒരായിരം സ്വകാര്യങ്ങളും
കൊഞ്ചിക്കരയിക്കുന്ന കുഞ്ഞുപിണക്കങ്ങളുമായി
ജന്മങ്ങളോളം പ്രണയിച്ചുകൊണ്ടേയിരിക്കാം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ